2021 മേയ് 6, വ്യാഴാഴ്‌ച

Rain

It didn't rain much, did it, you ask.
the windshield of your car has a few drops
sitting quietly and reflecting the world,
in no hurry to flow down or to evaporate.

While I, quite oblivious of the world and its rain,
sit drenched, like a plant after 
a long drought, in the rain 
that poured down from your lips.

Cofee

Amma would pour hot coffee into a tumbler
And place it in a bowl of water.
The four-year-old, just out of bed,
Sleep still at work sealing her eyelids,
Would sit looking at the rocking coffee boat
With its steam-sail.
The boat would sell coffee fragrance 
To the little nostrils.


2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

അമ്മ

ദാനം കിട്ടിയ ഉടുപ്പുകള്‍
അല്പം ക്ഷമാപണത്തോടെ അണിഞ്ഞു നില്‍ക്കുന്ന
അനേകം കുഞ്ഞുങ്ങളുടെ
പാവപ്പെട്ട അമ്മ- മലയാളം.

2011 ജൂലൈ 27, ബുധനാഴ്‌ച

ഇന്ന് നാളെ

ഇന്നിനെക്കൊന്നു തിന്നിട്ടു
മുന്നിലേയ്ക്കു നടന്നു ഞാന്‍.
പിന്നെയെന്നിഷ്ടമാം കാലം.
നാളെയാണിഷ്ടമാം ദിനം.

അക്കരയിക്കര

നീന്തി നീന്തി നടുക്കെത്തുമ്പോള്‍
പെട്ടെന്ന് 
കുളത്തിന്റെ അഗാധതയെക്കുറിച്ച് ബോധമുണ്ടാകും.
കണ്ണുകള്‍ ഉരുട്ടി മിഴിച്ച് തല്ലിപ്പിടച്ചും
എത്ര തുഴഞ്ഞിട്ടും എത്തുന്നില്ലല്ലോ
എന്ന് ദേഹം തളര്‍ന്നും
തിരിച്ചു നീന്തും.
ഒരിക്കലും എത്തിച്ചേരാത്തതിനാലാണോ
അക്കരക്കിത്ര പച്ച?
ഈശ്വരാ! 
ഇക്കരപ്പച്ച കാണാന്‍ മാത്രമാണെങ്കിലും  
ഒരിക്കലെങ്കിലും
അക്കരയിക്കരയാവണേ!

പൊതുദര്‍ശനം

ഇന്നലെയും നാളെയും ചേര്‍ന്നു
ഞെക്കിക്കൊന്ന 
ഇന്നിന്റെ ജഡം
പൊതു ദര്‍ശനത്തിനു വച്ചിരിക്കുന്നു.
ഇന്നുവേണ്ടിന്നുവേണ്ടെന്നു 
വിലക്കിയ ചങ്ങാതീ 
വന്നു റീത്ത്‌ സമര്‍പ്പിക്കൂ.
നേരമില്ല നിനക്കെങ്കില്‍
പിന്നെയാവാം.
വേണ്ടാ ഖേദം. 
നാളെയും മറ്റന്നാളും
പിന്നെല്ലാ നാളെകളിലും
നാളുകളിലും
മുടങ്ങാതുണ്ടാമീ ജഡം
ഇതേ അങ്കണത്തില്‍.
പൊതുദര്‍ശനത്തില്‍.

2011 ജൂലൈ 18, തിങ്കളാഴ്‌ച

സ്വാതന്ത്ര്യം

എല്ലാ കൊടികള്‍ക്കും പട്ടമാവാനാണ് മോഹം.
അതിനാണ് അവര്‍ കാറ്റില്‍ വെമ്പിക്കുതിക്കുന്നത്.
എന്നെയും കൊണ്ടുപോകൂ എന്ന് യാചിക്കുന്നത്.
എല്ലാ കൊടികള്‍ക്കും പട്ടമാവാനാണ് മോഹം.
സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ല,
സ്വാതന്ത്ര്യം തന്നെയാവാന്‍.

2011 ജൂൺ 9, വ്യാഴാഴ്‌ച

കാറ്റത്ത്‌

നീണ്ടു നീണ്ടു പോയ 
മുളംകമ്പിന്റെ ഒക്കത്തിരുന്ന വള്ളി
 കുഞ്ഞി വിരലുകള്‍ നീട്ടി
ഏന്തി വലിഞ്ഞു
കാറ്റിനൊപ്പം പോകാന്‍
വാശി പിടിച്ചു.
ഒരു കയ്യാല്‍
അമ്മയെ മുറുകെ പിടിച്ചു കൊണ്ട്.

ഒന്നാമന്‍

സ്കൂളില്‍ നിന്ന് വീട്ടിലേക്കുള്ള നീണ്ട ഇടവഴി
വളവില്ലാതെ വളഞ്ഞിടത്ത്
നീ നിന്നു.
എന്നും. 
മറ്റാരും നിന്നെ കണ്ടില്ല.
ഒറ്റയ്ക്കല്ലാത്തപ്പോള്‍ ഞാന്‍ പോലും.
നിന്നെ കാണുമ്പോള്‍ എന്റെ വയറ്റില്‍
ഒച്ചയില്ലാതെ, വെളിച്ചമില്ലാതെ
പടക്കങ്ങള്‍ പൊട്ടി.
ഹൃദയം കാതിലേക്ക് ഓടിക്കയറി.
വാഴപ്പോളക്കാലുകളില്‍ ഞാന്‍ വിയര്‍ത്തുറഞ്ഞു.
നിന്റെ കണ്ണുകള്‍ പുരാതനമായ ഏതോ ഭാഷ പറഞ്ഞു.
അത്ഭുതം! അതെനിക്ക് മനസ്സിലാവുകയും ചെയ്തു.
ഇടവഴില്‍ തളം കെട്ടി നിന്ന സമയം
പതുക്കെ വറ്റിക്കഴിയുമ്പോള്‍
ഞാന്‍ കാറ്റിനോടു മത്സരിച്ചു വീട്ടിലേക്കോടി.
സഞ്ചിയില്‍ ഒഴിഞ്ഞ ചോറ്റുപാത്രങ്ങള്‍ കിലുങ്ങി.
കിതച്ചു പടി കയറി ഞാന്‍ ഒന്നാമനായി.

2011 ജൂൺ 1, ബുധനാഴ്‌ച

അസൂയ

ഉണ്ണിക്കണ്ണാ, മുല കുടിക്കുന്നതിനിടെ 
നീ ഇടയ്ക്കു എന്നെ നോക്കി പുഞ്ചിരിക്കുന്നു.
നിന്റെ പാല്‍ച്ചിരി
എന്റെ ആത്മാവിന്റെ ദാഹം കെടുത്തുന്നു.
നിന്നോടുള്ള വാത്സല്യത്തില്‍  
ഗോകുലത്തിലെ മുലകള്‍ ഒന്നൊഴിയാതെ
മഴക്കാലത്തെ പുഴകള്‍ പോലെ
വഴിഞ്ഞൊഴുകുന്നു.
എങ്കിലും എനിക്ക് അസൂയ
നിനക്ക് അമ്മിഞ്ഞ നല്‍കി
മോക്ഷം നേടിയ ആ പൂതനയോടാണ്.

2011 മേയ് 23, തിങ്കളാഴ്‌ച

വായിച്ചു നോക്കാന്‍ മെനക്കെടാത്ത പുസ്തകം

ഒരിക്കല്‍ പോലും വായിക്കാതെ വാങ്ങിച്ചു വച്ച,

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുത്തന്‍ മായാത്ത പുസ്തകങ്ങള്‍

ചില്ലലമാരക്കടുത്തു പോകുമ്പോഴൊക്കെ തുറിച്ചു നോക്കുന്നു.

വല്ലപ്പോഴും മറിച്ചു നോക്കി

അശ്രദ്ധയോടെ അങ്ങിങ്ങ് കണ്ണോടിച്ചു

തിരിച്ചു വക്കുമ്പോള്‍

ഉള്ളില്‍ ഒരായിരം വാക്കുകള്‍ ഉണ്ടെങ്കിലും

ഒന്നും പുറപ്പെടാതെ

ശപിക്കുന്നുണ്ടാവുമോ

അടുത്ത ജന്മം ആരും വായിച്ചു നോക്കാന്‍ മെനക്കെടാത്ത പുസ്തകമായി ജനിക്കട്ടെ എന്ന്?

2011 മേയ് 18, ബുധനാഴ്‌ച

2011 മേയ് 16, തിങ്കളാഴ്‌ച

കണ്ടമാനം

തീനും കുടിയും
ഉടുപ്പും കിടപ്പും
പിന്നെ ചടപ്പും
കണ്ടമാനം ആയപ്പോള്‍
കാണാത്ത മാനത്തേക്ക് കുതിച്ചു.
ഈശ്വരാ! കണ്ടമാനം കിടപ്പല്ലേ കാണാത്ത മാനം!

2011 ഏപ്രിൽ 21, വ്യാഴാഴ്‌ച

മാനും മനവും

കുമാര്‍ഗങ്ങളിലും സുമാര്‍ഗങ്ങളിലും ഓടിത്തളര്‍ന്നു
കിതച്ചു നില്‍ക്കുന്നു
മാനും മനവും.
അവയ്ക്ക് പിന്നാലെ ഞാന്‍ പോയ്‌ വരാത്ത സ്വര്‍ഗങ്ങളില്ല
പാതാളങ്ങളും നരകങ്ങളുമില്ല.
പറഞ്ഞിരിക്കുവാന്‍ സയമില്ലല്ലോ
പിടിച്ചു കെട്ടണം ഇവയെ വേഗം ഞാന്‍.

2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച

2011 ജനുവരി 20, വ്യാഴാഴ്‌ച

പുഴയും പൂവും

പണ്ട് പണ്ട്
വല്ലപ്പോഴും വിരുന്നു വന്ന മഴയുടെ ഔദാര്യത്തില്‍
മലഞ്ചെരിവില്‍ ഒരു വിത്ത് കിളിര്‍ത്തു.
സൂര്യന്റെ കാര്‍ക്കശ്യത്തില്‍ കരിയാനാഞ്ഞ്,
കാറ്റിന്റെ കരുത്തിനു മുന്നില്‍ തോറ്റു കൊടുത്ത്
ചെടി മുരടിച്ചു നിന്നു.

വേനല്‍ കടുത്തു കൊണ്ടേയിരുന്നു.
മഴയുടെ വരവ് പിന്നെയും കുറഞ്ഞു.
എളുപ്പത്തിലുള്ള ജയത്തിന്റെ ലഹരിക്കായി കാറ്റ് മാത്രം വീണ്ടും വീണ്ടും വന്നു.

ഓരോ കുറി അടിയറവു പറയുമ്പോഴും കാറ്റില്‍ ചെടി ഒരു പുഴ രുചിച്ചു.
"പുഴ അങ്ങകലെയാണ്.
കുന്നിന്റെ അങ്ങേച്ചെരിവിലെ താഴ്വരയില്‍."
പ്രപഞ്ചത്തിനു കണ്ണാടി കാട്ടുന്ന തന്റെ സുഹൃത്തിനെപ്പറ്റി കാറ്റ് വീമ്പിളക്കി.

നാഴികകള്‍ക്കപ്പുറം സ്വച്ഛമായ് ഒഴുകുന്ന പുഴ തേടി ചെടി തന്റെ വേരുകളെ അയച്ചു.
ഇപ്പോള്‍ പിറന്ന കുഞ്ഞിന്റെ വിരലുകള്‍ പോലെ മൃദുവായ ഇളം ചുവപ്പ് വേരുകള്‍
തപ്പിയും തടഞ്ഞും മണ്ണിനടിയില്‍ പരതി നടന്നു.

വേനല്‍ വീണ്ടും കടുത്തു.
മല ചുട്ടു പഴുത്ത മണ്ണിനടിയില്‍ വേരുകളെ ഒളിച്ചു കടത്തി.
ഞണ്ടുകളും ഞാഞ്ഞൂലുകളും മണ്ണും മലയും ചെടിയുടെ രഹസ്യം പങ്കു വച്ചു.


പതുക്കെ, വളരെ പതുക്കെ വേരുകള്‍ പുഴയെ തൊട്ടു.
പുഴ കനിവോടെ അവയെ തന്റെ വറ്റാത്ത ഉറവുകളിലേക്ക് നയിച്ചു.
പുഴയുടെ രുചിയില്‍ നാഴികകള്‍ക്കപ്പുറം ചെടി കുളിര്‍ത്തു.
കാണെക്കാണേ അത് തെഴുത്ത് തഴച്ചു.

സൂര്യന്റെ ക്രൌര്യത്തില്‍ വാടാതെ,
കാറ്റിന്റെ ചാപല്യത്തില്‍ പതറാതെ,
മലഞ്ചെരിവില്‍ തണല്‍ വിരിച്ചു ചെടി മരമായി വളര്‍ന്നു.

കാലം കൂടി വന്ന മഴ ഇവള്‍ തന്റെതെന്നു അഹങ്കരിച്ചു.
സൂര്യന്‍ തന്റെ കാര്‍ക്കശ്യമാണ് അവളുടെ കരുത്തെന്നു മേനി പറഞ്ഞു.
കാറ്റ് തൊട്ടും തഴുകിയും അവളുടെ വിളിപ്പുറത്ത് തന്നെ നിന്നു.
മഴയും സൂര്യനും കാറ്റും കാമിച്ച മരത്തില്‍
പൂക്കളും കനികളും നിറഞ്ഞു.
ചില്ലകളില്‍ കിളികളും അണ്ണാന്മാരും
തണലില്‍ കാലികളും കിടാങ്ങളും
കനിയും കനിവുമുണ്ട് മയങ്ങി.

ഒരു നാള്‍ മലയാകെ പൂവും പൂമണവും ധൂര്‍ത്തടിച്ചു നടന്ന കാറ്റ്
പുഴക്കരയിലെത്തി.
ഒരു പൂവ് പുഴയില്‍ വീണൊഴുകി.
പൂവില്‍ പുഴ സൂര്യനെയും മഴയെയും കാറ്റിനെയും രുചിച്ചു.
മരത്തിന്റെ നന്ദിയും കനി തിന്ന കുഞ്ഞുങ്ങളുടെ തൃപ്തിയും രുചിച്ചു.
തന്നെത്തന്നെ രുചിച്ചു.

പൂ ചൂടിയ പുഴയും
പുഴ ചൂടിയ പൂവും
അകലേക്ക്‌ ഒഴുകി.

2011 ജനുവരി 17, തിങ്കളാഴ്‌ച

നിധി

നിധി കുഴിച്ചിട്ടയിടം മറന്നു പോയ പിശുക്കനെപ്പോലെ
ഞാന്‍ തിരഞ്ഞു കൊണ്ടേയിരിക്കുന്നു.


ഇപ്പോള്‍ ഭൂമി നിറയെ കുഴികളാണ്
വിളി കേള്‍ക്കാതെ, വെളിപ്പെടാതെ
നീയെവിടെപ്പോയ് മറഞ്ഞു?

ഞെണ്‌ങ്ങിയ പാത്രങ്ങള്‍


പല കുറി വീണും ഉരുണ്ടും ഞെണ്‌ങ്ങിയ പാത്രങ്ങള്‍ ഞങ്ങള്‍ക്ക് തന്നോളൂ...
ഒരേ രൂപത്തിലും ഭാവത്തിലുമുള്ള, ഭംഗിയേറിയ പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ കൊണ്ട് പൊയ്ക്കോളൂ.

ഉരുണ്ട, ഇടുങ്ങിയ മൂടുള്ള ആ പഴയ കുഞ്ഞി ഗ്ലാസ്‌ ഇനിയെന്തിന്?
ഒന്ന് തട്ടിയാല്‍ വീണു പോകും;
കൂന്നു നടക്കുന്ന, ചെവിയൊട്ടും കേള്‍ക്കാത്ത, മൂന്നടി മാത്രം ഉയരമുള്ള,
നീണ്ടൊട്ടിയ ചെറിയ മുലകള്‍ ഉള്ള
വല്ല്യ മുത്തശ്ശിയെ പോലെ;
പണ്ട് വീട്ടിലെ കുട്ടികളെ മുഴുവന്‍ പാലൂട്ടിയതാണ്.
എങ്കിലും ഇന്നിപ്പോള്‍ ഒരു ബ്ലൌസ് പോലുമിടാതെ
വരാന്തയില്‍ ഇരിക്കുന്നത് നാണക്കേടല്ലേ മാഡം?

കരിയും കരിമംഗല്യവുമുള്ള, കൈകാലുകളില്‍ രോമം നിറഞ്ഞ,
കുഴിനഖവും തേഞ്ഞ പല്ലുകളും ഉള്ള
മധ്യവയസ്കകളെ ഓര്‍മിപ്പിക്കുന്ന
ആ കറുകറുത്ത ചീനച്ചട്ടിയും
ചായക്കറ പിടിച്ച ആ പഴയ മൊന്തയും ഒഴിവാക്കിക്കൂടെ?

നീണ്ടു ചായം തേച്ച നഖങ്ങളും
ദന്തവൈദ്യന്‍‍ കൊത്തിയെടുത്ത ഫോട്ടോജെനിക് ചിരിയുമുള്ള
റാംപില്‍ നടക്കും മോഡലുകളെപ്പോലെ
ഒരേ അച്ചില്‍ വാര്‍ത്ത പുതിയ ഇനം പാത്രങ്ങള്‍ തരാം മാഡം!
കറയും ചെളിയും പിടിക്കാത്തവ,
ചില്ലലമാരിയില്‍
യുണിഫോം അണിഞ്ഞ സ്കൂള്‍ കുട്ടികളെപ്പോലെ
പ്രദര്‍ശിപ്പിക്കാന്‍ പറ്റിയവ.