2011 ജൂൺ 9, വ്യാഴാഴ്‌ച

കാറ്റത്ത്‌

നീണ്ടു നീണ്ടു പോയ 
മുളംകമ്പിന്റെ ഒക്കത്തിരുന്ന വള്ളി
 കുഞ്ഞി വിരലുകള്‍ നീട്ടി
ഏന്തി വലിഞ്ഞു
കാറ്റിനൊപ്പം പോകാന്‍
വാശി പിടിച്ചു.
ഒരു കയ്യാല്‍
അമ്മയെ മുറുകെ പിടിച്ചു കൊണ്ട്.

ഒന്നാമന്‍

സ്കൂളില്‍ നിന്ന് വീട്ടിലേക്കുള്ള നീണ്ട ഇടവഴി
വളവില്ലാതെ വളഞ്ഞിടത്ത്
നീ നിന്നു.
എന്നും. 
മറ്റാരും നിന്നെ കണ്ടില്ല.
ഒറ്റയ്ക്കല്ലാത്തപ്പോള്‍ ഞാന്‍ പോലും.
നിന്നെ കാണുമ്പോള്‍ എന്റെ വയറ്റില്‍
ഒച്ചയില്ലാതെ, വെളിച്ചമില്ലാതെ
പടക്കങ്ങള്‍ പൊട്ടി.
ഹൃദയം കാതിലേക്ക് ഓടിക്കയറി.
വാഴപ്പോളക്കാലുകളില്‍ ഞാന്‍ വിയര്‍ത്തുറഞ്ഞു.
നിന്റെ കണ്ണുകള്‍ പുരാതനമായ ഏതോ ഭാഷ പറഞ്ഞു.
അത്ഭുതം! അതെനിക്ക് മനസ്സിലാവുകയും ചെയ്തു.
ഇടവഴില്‍ തളം കെട്ടി നിന്ന സമയം
പതുക്കെ വറ്റിക്കഴിയുമ്പോള്‍
ഞാന്‍ കാറ്റിനോടു മത്സരിച്ചു വീട്ടിലേക്കോടി.
സഞ്ചിയില്‍ ഒഴിഞ്ഞ ചോറ്റുപാത്രങ്ങള്‍ കിലുങ്ങി.
കിതച്ചു പടി കയറി ഞാന്‍ ഒന്നാമനായി.

2011 ജൂൺ 1, ബുധനാഴ്‌ച

അസൂയ

ഉണ്ണിക്കണ്ണാ, മുല കുടിക്കുന്നതിനിടെ 
നീ ഇടയ്ക്കു എന്നെ നോക്കി പുഞ്ചിരിക്കുന്നു.
നിന്റെ പാല്‍ച്ചിരി
എന്റെ ആത്മാവിന്റെ ദാഹം കെടുത്തുന്നു.
നിന്നോടുള്ള വാത്സല്യത്തില്‍  
ഗോകുലത്തിലെ മുലകള്‍ ഒന്നൊഴിയാതെ
മഴക്കാലത്തെ പുഴകള്‍ പോലെ
വഴിഞ്ഞൊഴുകുന്നു.
എങ്കിലും എനിക്ക് അസൂയ
നിനക്ക് അമ്മിഞ്ഞ നല്‍കി
മോക്ഷം നേടിയ ആ പൂതനയോടാണ്.