2011 ജൂലൈ 27, ബുധനാഴ്‌ച

ഇന്ന് നാളെ

ഇന്നിനെക്കൊന്നു തിന്നിട്ടു
മുന്നിലേയ്ക്കു നടന്നു ഞാന്‍.
പിന്നെയെന്നിഷ്ടമാം കാലം.
നാളെയാണിഷ്ടമാം ദിനം.

അക്കരയിക്കര

നീന്തി നീന്തി നടുക്കെത്തുമ്പോള്‍
പെട്ടെന്ന് 
കുളത്തിന്റെ അഗാധതയെക്കുറിച്ച് ബോധമുണ്ടാകും.
കണ്ണുകള്‍ ഉരുട്ടി മിഴിച്ച് തല്ലിപ്പിടച്ചും
എത്ര തുഴഞ്ഞിട്ടും എത്തുന്നില്ലല്ലോ
എന്ന് ദേഹം തളര്‍ന്നും
തിരിച്ചു നീന്തും.
ഒരിക്കലും എത്തിച്ചേരാത്തതിനാലാണോ
അക്കരക്കിത്ര പച്ച?
ഈശ്വരാ! 
ഇക്കരപ്പച്ച കാണാന്‍ മാത്രമാണെങ്കിലും  
ഒരിക്കലെങ്കിലും
അക്കരയിക്കരയാവണേ!

പൊതുദര്‍ശനം

ഇന്നലെയും നാളെയും ചേര്‍ന്നു
ഞെക്കിക്കൊന്ന 
ഇന്നിന്റെ ജഡം
പൊതു ദര്‍ശനത്തിനു വച്ചിരിക്കുന്നു.
ഇന്നുവേണ്ടിന്നുവേണ്ടെന്നു 
വിലക്കിയ ചങ്ങാതീ 
വന്നു റീത്ത്‌ സമര്‍പ്പിക്കൂ.
നേരമില്ല നിനക്കെങ്കില്‍
പിന്നെയാവാം.
വേണ്ടാ ഖേദം. 
നാളെയും മറ്റന്നാളും
പിന്നെല്ലാ നാളെകളിലും
നാളുകളിലും
മുടങ്ങാതുണ്ടാമീ ജഡം
ഇതേ അങ്കണത്തില്‍.
പൊതുദര്‍ശനത്തില്‍.

2011 ജൂലൈ 18, തിങ്കളാഴ്‌ച

സ്വാതന്ത്ര്യം

എല്ലാ കൊടികള്‍ക്കും പട്ടമാവാനാണ് മോഹം.
അതിനാണ് അവര്‍ കാറ്റില്‍ വെമ്പിക്കുതിക്കുന്നത്.
എന്നെയും കൊണ്ടുപോകൂ എന്ന് യാചിക്കുന്നത്.
എല്ലാ കൊടികള്‍ക്കും പട്ടമാവാനാണ് മോഹം.
സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ല,
സ്വാതന്ത്ര്യം തന്നെയാവാന്‍.