2011 ജനുവരി 17, തിങ്കളാഴ്‌ച

ഞെണ്‌ങ്ങിയ പാത്രങ്ങള്‍


പല കുറി വീണും ഉരുണ്ടും ഞെണ്‌ങ്ങിയ പാത്രങ്ങള്‍ ഞങ്ങള്‍ക്ക് തന്നോളൂ...
ഒരേ രൂപത്തിലും ഭാവത്തിലുമുള്ള, ഭംഗിയേറിയ പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ കൊണ്ട് പൊയ്ക്കോളൂ.

ഉരുണ്ട, ഇടുങ്ങിയ മൂടുള്ള ആ പഴയ കുഞ്ഞി ഗ്ലാസ്‌ ഇനിയെന്തിന്?
ഒന്ന് തട്ടിയാല്‍ വീണു പോകും;
കൂന്നു നടക്കുന്ന, ചെവിയൊട്ടും കേള്‍ക്കാത്ത, മൂന്നടി മാത്രം ഉയരമുള്ള,
നീണ്ടൊട്ടിയ ചെറിയ മുലകള്‍ ഉള്ള
വല്ല്യ മുത്തശ്ശിയെ പോലെ;
പണ്ട് വീട്ടിലെ കുട്ടികളെ മുഴുവന്‍ പാലൂട്ടിയതാണ്.
എങ്കിലും ഇന്നിപ്പോള്‍ ഒരു ബ്ലൌസ് പോലുമിടാതെ
വരാന്തയില്‍ ഇരിക്കുന്നത് നാണക്കേടല്ലേ മാഡം?

കരിയും കരിമംഗല്യവുമുള്ള, കൈകാലുകളില്‍ രോമം നിറഞ്ഞ,
കുഴിനഖവും തേഞ്ഞ പല്ലുകളും ഉള്ള
മധ്യവയസ്കകളെ ഓര്‍മിപ്പിക്കുന്ന
ആ കറുകറുത്ത ചീനച്ചട്ടിയും
ചായക്കറ പിടിച്ച ആ പഴയ മൊന്തയും ഒഴിവാക്കിക്കൂടെ?

നീണ്ടു ചായം തേച്ച നഖങ്ങളും
ദന്തവൈദ്യന്‍‍ കൊത്തിയെടുത്ത ഫോട്ടോജെനിക് ചിരിയുമുള്ള
റാംപില്‍ നടക്കും മോഡലുകളെപ്പോലെ
ഒരേ അച്ചില്‍ വാര്‍ത്ത പുതിയ ഇനം പാത്രങ്ങള്‍ തരാം മാഡം!
കറയും ചെളിയും പിടിക്കാത്തവ,
ചില്ലലമാരിയില്‍
യുണിഫോം അണിഞ്ഞ സ്കൂള്‍ കുട്ടികളെപ്പോലെ
പ്രദര്‍ശിപ്പിക്കാന്‍ പറ്റിയവ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ