പണ്ട് പണ്ട്
വല്ലപ്പോഴും വിരുന്നു വന്ന മഴയുടെ ഔദാര്യത്തില്‍
മലഞ്ചെരിവില്‍ ഒരു വിത്ത് കിളിര്‍ത്തു.
സൂര്യന്റെ കാര്‍ക്കശ്യത്തില്‍ കരിയാനാഞ്ഞ്,
കാറ്റിന്റെ കരുത്തിനു മുന്നില്‍ തോറ്റു കൊടുത്ത്
ചെടി മുരടിച്ചു നിന്നു.
വേനല്‍ കടുത്തു കൊണ്ടേയിരുന്നു.
മഴയുടെ വരവ് പിന്നെയും കുറഞ്ഞു.
എളുപ്പത്തിലുള്ള ജയത്തിന്റെ ലഹരിക്കായി കാറ്റ് മാത്രം വീണ്ടും വീണ്ടും വന്നു.
ഓരോ കുറി അടിയറവു പറയുമ്പോഴും കാറ്റില്‍ ചെടി ഒരു പുഴ രുചിച്ചു.
"പുഴ അങ്ങകലെയാണ്.
കുന്നിന്റെ അങ്ങേച്ചെരിവിലെ താഴ്വരയില്."
പ്രപഞ്ചത്തിനു കണ്ണാടി കാട്ടുന്ന തന്റെ സുഹൃത്തിനെപ്പറ്റി കാറ്റ് വീമ്പിളക്കി.
നാഴികകള്‍ക്കപ്പുറം സ്വച്ഛമായ് ഒഴുകുന്ന പുഴ തേടി ചെടി തന്റെ വേരുകളെ അയച്ചു.
ഇപ്പോള്‍ പിറന്ന കുഞ്ഞിന്റെ വിരലുകള്‍ പോലെ മൃദുവായ ഇളം ചുവപ്പ് വേരുകള്‍
തപ്പിയും തടഞ്ഞും മണ്ണിനടിയില്‍ പരതി നടന്നു.
വേനല്‍ വീണ്ടും കടുത്തു.
മല ചുട്ടു പഴുത്ത മണ്ണിനടിയില്‍ വേരുകളെ ഒളിച്ചു കടത്തി.
ഞണ്ടുകളും ഞാഞ്ഞൂലുകളും മണ്ണും മലയും ചെടിയുടെ രഹസ്യം പങ്കു വച്ചു.
പതുക്കെ, വളരെ പതുക്കെ വേരുകള്‍ പുഴയെ തൊട്ടു.
പുഴ കനിവോടെ അവയെ തന്റെ വറ്റാത്ത ഉറവുകളിലേക്ക് നയിച്ചു.
പുഴയുടെ രുചിയില്‍ നാഴികകള്‍ക്കപ്പുറം ചെടി കുളിര്‍ത്തു.
കാണെക്കാണേ അത് തെഴുത്ത് തഴച്ചു.
സൂര്യന്റെ ക്രൌര്യത്തില്‍ വാടാതെ,
കാറ്റിന്റെ ചാപല്യത്തില്‍ പതറാതെ,
മലഞ്ചെരിവില്‍ തണല്‍ വിരിച്ചു ചെടി മരമായി വളര്‍ന്നു.
കാലം കൂടി വന്ന മഴ ഇവള് തന്റെതെന്നു അഹങ്കരിച്ചു.
സൂര്യന് തന്റെ കാര്‍ക്കശ്യമാണ് അവളുടെ കരുത്തെന്നു മേനി പറഞ്ഞു.
കാറ്റ് തൊട്ടും തഴുകിയും അവളുടെ വിളിപ്പുറത്ത് തന്നെ നിന്നു.
മഴയും സൂര്യനും കാറ്റും കാമിച്ച മരത്തില്‍
പൂക്കളും കനികളും നിറഞ്ഞു.
ചില്ലകളില്‍ കിളികളും അണ്ണാന്മാരും
തണലില്‍ കാലികളും കിടാങ്ങളും
കനിയും കനിവുമുണ്ട് മയങ്ങി.
ഒരു നാള് മലയാകെ പൂവും പൂമണവും ധൂര്‍ത്തടിച്ചു നടന്ന കാറ്റ്
പുഴക്കരയിലെത്തി.
ഒരു പൂവ് പുഴയില്‍ വീണൊഴുകി.
പൂവില്‍ പുഴ സൂര്യനെയും മഴയെയും കാറ്റിനെയും രുചിച്ചു.
മരത്തിന്റെ നന്ദിയും കനി തിന്ന കുഞ്ഞുങ്ങളുടെ തൃപ്തിയും രുചിച്ചു.
തന്നെത്തന്നെ രുചിച്ചു.
പൂ ചൂടിയ പുഴയും
പുഴ ചൂടിയ പൂവും
അകലേക്ക് ഒഴുകി.
നന്നായി എഴുതിയല്ലോ സുഹൃത്തേ !!
മറുപടിഇല്ലാതാക്കൂഞാൻ ഈ ബ്ലോഗ് പോസ്റ്റ് എന്റെ ഗൂഗിൾ ബസ് ( http://google.com/profiles/sunilmv )ൽ ഷെയർ ചെയ്യുന്നു. കൂടുതൽ ആളുകൾ വായിക്കട്ടെ
:-)
ഉപാസന
ആദ്യമായാണിവിടെ.
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്.
ആശംസകള്‍....
സുനിലേട്ടാ, ലിങ്കിനു നന്ദി :)
ഉപാസന വഴിയാണ് ഇവിടെ എത്തിയത്. നല്ല എഴുത്ത്. കഴിയുമെങ്കില്‍ ബ്ലോഗ് ജാലകം, ചിന്ത തുടങ്ങിയ അഗ്രികളില്‍ റജിസ്റ്റര്‍ ചെയ്യൂ.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു!!
മറുപടിഇല്ലാതാക്കൂആശംസകള്!!
Ellavarkkum nandi :)
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്.
മറുപടിഇല്ലാതാക്കൂആശംസകള്.... :-)
ഉപാസന , ലിങ്കിനു നന്ദി :)
കുളിര്‍മ്മയുള്ള എഴുത്ത്..
മറുപടിഇല്ലാതാക്കൂ